ഇന്ത്യയുടെ വര്‍ധിപ്പിച്ച എല്‍.എന്‍.ജി ആവശ്യം നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍...

by Business | 08-06-2018 | 777 views

ദോഹ: ഇന്ത്യയുടെ വര്‍ധിച്ച എല്‍.എന്‍.ജി ആവശ്യം നിറവേറ്റാന്‍ ഖത്തര്‍ എപ്പോഴും സജ്ജമാണെന്ന് ഖത്തര്‍ പെട്രോളിയം (ക്യു.പി) പ്രസിഡന്‍റും സിഇഒ-യുമായ സാദ് ഷെരീദ അല്‍ കാഅബി. ഊര്‍ജോല്‍പാദനത്തിലും രാസവളം, ഉരുക്ക് വ്യവസായ ശാലകളിലും എല്‍എന്‍ജി പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ നയം. ആഭ്യന്തര എല്‍എന്‍ജി ഉപഭോഗം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ നിലവിലുള്ള പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ദീര്‍ഘകാല കരാറിനുമപ്പുറം ഇന്ത്യയ്ക്ക് ആവശ്യമായത്ര പ്രകൃതി വാതകം നല്‍കാന്‍ ക്യു.പി സന്നദ്ധമാണെന്ന് അല്‍ കാഅബി വ്യക്തമാക്കി. എല്‍എന്‍ജി കയറ്റുമതിയില്‍ രാജ്യാന്തരതലത്തില്‍ ഒന്നാമതാണ് ഖത്തര്‍. ഖത്തറില്‍ നിന്ന് ഏറ്റവുമധികം എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഊര്‍ജോല്‍പാദനത്തില്‍ കല്‍ക്കരി, ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഉപയോഗം കുറച്ച് പ്രകൃതിവാതകമാണ് ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.

പരിസ്ഥിതി മലിനീകരണം ഏറ്റവും കുറഞ്ഞ ഇന്ധനമെന്നതിനാലാണ് ഇന്ത്യ എല്‍എന്‍ജിക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കല്‍ക്കരി ഉപഭോഗം പരമാവധി കുറച്ച് കൂടുതല്‍ എല്‍എന്‍ജി ഉപയോഗപ്പെടുത്തണമെന്ന നിലപാടിലാണ്. പരിസ്ഥിതി മലിനീകരണം ഏറ്റവും കുറഞ്ഞ തെളിഞ്ഞ ഊര്‍ജസ്രോതസെന്നതിനാലാണ് ഇന്ത്യ വാതക കേന്ദ്രീകൃത സമ്പദ്ഘടനയിലേക്ക് ചുവടുമാറുന്നത്. ഖത്തറിന്‍റെ സുപ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. എല്‍എന്‍ജി ഉല്‍പാദനം ഉയര്‍ത്തി രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഗതിവേഗം കൂട്ടാന്‍ ഖത്തറും എല്‍എന്‍ജി ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും തയാറെടുക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും സഹകരണം വര്‍ധിപ്പിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാനാവുമെന്ന് അല്‍ കാഅബി പറഞ്ഞു.

ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഖത്തര്‍ കയറ്റുമതി ചെയ്യുന്നത്. 25 വര്‍ഷത്തെ ദീര്‍ഘകാല കരാറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. എതാനും മാസം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തിയിരുന്നു. എല്‍എന്‍ജി ഉപഭോക്താക്കളായ ഇന്ത്യന്‍ കമ്പനികളുടെ മേധാവികളുമായും അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ വാതക കയറ്റുമതിക്കു ഖത്തര്‍ സന്നദ്ധമാണെന്ന കാര്യം ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതായും അല്‍ കാഅബി വെളിപ്പെടുത്തി. പെട്രോനെറ്റുമായി ക്യു.പി-ക്ക് മികച്ച ബന്ധമാണുള്ളത്. എല്‍എന്‍ജി ഉപഭോഗം ഉയര്‍ത്താന്‍ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുവരികയാണ്. ഇതിനായി വലിയ നിക്ഷേപവും നടത്തുന്നുണ്ട്.

Lets socialize : Share via Whatsapp