മലയാളിയുടെ അഭിമാനം വാനോളം...കുവൈത്തില്‍ അല്‍ കന്ദരി ഷൂട്ടിങ് മത്സരത്തില്‍ ശരണ്യ ദേവിക്ക് ചാമ്പ്യന്‍ഷിപ്പ്

by Sports | 06-06-2018 | 547 views

കുവൈത്ത്: അല്ലെങ്കിലും മലയാളികള്‍ അങ്ങനെയാണ്. എവിടെ പോയാലും നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ആര്‍ജവം മലയാളിക്കെന്നുമുണ്ട്. ഇപ്പോളിതാ മറ്റൊരു നേട്ടം കൂടി മലയാളി സ്വന്തമാക്കിയിരിക്കുന്നു. അതും കുവൈത്തില്‍. പത്താമത് അല്‍കന്ദരി ഷൂട്ടിങ് വനിതാ വിഭാഗം 50 മീറ്റര്‍ സ്‌നൈപര്‍ വിഭാഗത്തില്‍ മലയാളിയായ ശരണ്യ ദേവി ഒന്നാം സ്ഥാനവും ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കി. അല്‍കന്ദരി ഷൂട്ടിങ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയ്ക്ക് ഇത്രയും മികച്ച നേട്ടം ലഭിക്കുന്നത്. കുവൈത്തിലെ മൈദാന്‍ ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ നൂറുകണക്കിന് പേരെ പിന്തള്ളിയാണ് ശരണ്യ ഒന്നാമതെത്തിയത്.

ഫൈനല്‍ റൗണ്ടില്‍ തിരഞ്ഞെടുത്ത 20 പേരില്‍ കുവൈത്ത് സ്വദേശിനികളായ ഫാത്തിമ ഇമാന്‍, വാസമിഹ് ബന്ദര്‍, എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. പിസ്റ്റള്‍ എയര്‍ഗണ്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മറ്റ് മത്സരങ്ങള്‍. എറണാകുളം സ്വദേശി മഹേഷിന്റെ ഭാര്യയായ ശരണ്യ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപികയാണ്. കലാ സാംസ്‌കാരിക മേഖലയില്‍ സജീവമായ ശരണ്യ നല്ലൊരു ചിത്രകാരി കൂടിയാണ്.

Lets socialize : Share via Whatsapp