
കുവൈറ്റ്: കുവൈറ്റില്‍ ഇഖാമ വ്യവസ്ഥയില്‍ പുതിയ നിബന്ധനകള്‍ . കാലാവധി തീരാന്‍ ആറു മാസമുണ്ടെങ്കിലും ഇനി ഇഖാമ പുതുക്കാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാന്‍പവര്‍ അതോറിറ്റി പുതുക്കി നിശ്ചയിച്ച മാര്‍ഗനിര്‍ദേശം അനുസരിച്ച് കുവൈത്ത് കമ്പനികളില്‍ വിദേശി പങ്കാളികള്‍ക്ക് പാര്‍ട്ണര്‍ എന്ന പേരില്‍ത്തന്നെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. കൂടാതെ ഹോട്ടലുകള്‍, നിയമ സ്ഥാപനങ്ങള്‍, വിനോദ പാര്‍ക്കുകള്‍, വിമാനക്കമ്പനികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, എണ്ണ മേഖല എന്നിവിടങ്ങളില്‍ വനിതകള്‍ക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാം. ബാങ്കുകള്‍, റസ്റ്ററന്റുകള്‍, പബ്ലിക് ബെനിഫിറ്റ് ഓര്‍ഗനൈസേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടൂറിസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ 12 മണി വരെയും ജോലി ചെയ്യാം. വനിതകള്‍ക്കായുള്ള തുണിക്കടകള്‍, വനിതാ ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവിടങ്ങളില്‍ പുരുഷന്മാര് ജോലി ചെയ്യരുത്. അതേസമയം, ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയ്ക്കു നാലു മാസം ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും നിര്‍ദേശമുണ്ട്.