
ദോഹ: ബൊക്ക ജൂനിയേഴ്സിന് ഇനി ഖത്തര്‍ എയര്‍വേയ്സ് ജഴ്സി. ലോകത്തുടനീളം കായിക മേഖലയുമായി സഹകരണം ശക്തമാക്കുന്നതിന്റെറ ഭാഗമായി അര്‍ജന്റീനയിലെ മുന്‍നിര ക്ലബുകളിലൊന്നായ ബൊക്ക ജൂനിയേഴ്സുമായി ഖത്തര്‍ എയര്‍വേയ്സ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം ബൊക്കയുടെ ഔദ്യോഗിക ജെഴ്സി സ്പോണ്‍സര്‍മാരായി ഇനി മുതല്‍ ഖത്തര്‍ എയര്വേയ്സുണ്ടാകും. 2018/2019 സീസണ് മുതല്‍ 2022/2023 സീസണ് വരെയാണ് ബൊക്കയുമായുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ കരാര്‍.
ആഗോള തലത്തില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ബൊക്ക ജൂനിയേഴ്സുമായുള്ള കരാര്‍. മില്യന്‍ കണക്കിന് ആരാധകരുള്ള ബൊക്ക ജൂനിയേഴ്സിന്റെ ജേഴ്സിയില്‍ ഖത്തര്‍ എയര്‍വേയ്സ് ലോഗോ പതിയുന്നതോടെ നിരവധി പേരിലേക്കാണ് എയര്‍ലൈന്‍സ് എത്തുന്നത്. കായിക ലോകത്തിന് ലോകത്തെ ഒരുമിപ്പിക്കാനുള്ള ശക്തിയുണ്ടെന്നതിനാലാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ വിമാന കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ബൊക്ക ജൂനിയേഴ്സ് പ്രസിഡന്റ് ഡാനിയല്‍ ആഞ്ചലിസി പറഞ്ഞു.