യു.എ.ഇ സ്പോര്‍ട്സ് ടീമില്‍ വിദേശികള്‍ക്കും അംഗമാകാം

by Sports | 25-04-2018 | 710 views

ദുബായ്: യു.എ.ഇ സ്‌പോര്‍ട്സ് ടീമുകളില്‍ ഇനി വിദേശികള്‍ക്കും അംഗമാകാം. യു.എ.ഇ-യില്‍ താമസിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും രാജ്യത്തെ ഔദ്യോഗിക കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. യു.എ.ഇ പ്രസിഡന്‍റ് ഷെയ്‌ഖ് ഖലീഫാ ബിന്‍ സെയിദ് അല്‍ നഹ്യാന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലേക്കും സ്‌നേഹത്തിന്‍റെയും സഹവര്‍തിത്വത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പുതിയ നിയമം. രാജ്യത്ത് താമസിക്കുന്നവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി യു.എ.ഇ കായിക രംഗത്തെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യം. ഇത് രാജ്യത്തിന്‍റെ അഭിമാനം വര്‍ദ്ധിപ്പിക്കുമെന്നും അബുദാബി സ്‌പോര്‍ട്സ് കൗണ്‍സില്‍ അങ്കണത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അബുദാബി പൊലീസിന്‍റെ ചീഫ് കമാന്‍ഡറും ബോര്‍ഡ് ഒഫ് ഡയറക്‌ടേഴ്സ് ഒഫ് ദ ജനറല്‍ അതോറിറ്റി ഒഫ് സ്‌പോര്‍ട്സ് ചെയര്‍മാനുമായ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി അഭിപ്രായപ്പെട്ടു. യു.എ.ഇ പൗരത്വമുള്ള സ്ത്രീകളുടെ മക്കള്‍, യു.എ.ഇ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍, വിദേശികള്‍ അടക്കമുള്ള യു.എ.ഇ-യില്‍ ജനിച്ചവര്‍ എന്നിവര്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്.

Lets socialize : Share via Whatsapp