യു.എ.ഇ- യില്‍ വ്യാപാരിയുടെ കരുണയില്‍ 560 തടവുകാര്‍ക്ക് മോചനം

by Sharjah | 10-04-2018 | 1269 views

ഷാര്‍ജ : ഫിറോസ്‌ മര്‍ച്ചണ്ട് എന്ന "പ്യുവര്‍ ഗോള്‍ഡ്‌" എന്ന സ്ഥാപന ഉടമയുടെ കരുണയില്‍ യു.എ.ഇ- യില്‍ 560 പേര്‍ ജയില്‍ മോചിതരായി. റമദാന് മുമ്പായി അദ്ദേഹം നടത്തിയ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി ഇവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് പോകാനും തങ്ങളുടെ കുടുംബത്തെ കാണാനും ഉളള അവസരം ലഭിച്ചു. പണ സംബന്ധമായ കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ ബാദ്ധ്യതകള്‍ ഏറ്റെടുക്കുകയും അവരുടെ വിമാന ടിക്കറ്റുകല്‍ക്കുള്ള പണം നല്‍കുകയും ആണ് ഈ വ്യാപാരി ചെയ്തത്. ഇതിനായി അദ്ദേഹം 6,500,000 ദിര്‍ഹംസ് (ഏകദേശം ഒരു കോടി പതിനഞ്ചു ലക്ഷം രൂപ) നല്‍കി.

അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള 300 പേര്‍ക്കും മറ്റു യു.എ.ഇ ജയിലില്‍ കഴിഞ്ഞിരുന്ന 260 പേര്‍ക്കുമാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത് .

ഫിറോസ്‌ മര്‍ച്ചന്‍റിന്‍റെ  "Forgotten Soceity" എന്ന ജീവ കാരുണ്യ സ്ഥാപനത്തിന്‍റെ പേരില്‍ നടത്തപെടുന്ന ഈ സംരംഭത്തിലൂടെ കഴിഞ്ഞ 10 വര്‍ഷത്തില്‍ 15,000 ആളുകള്‍ ജയില്‍ മോചിതരായി സ്വന്തം രാജ്യത്തിലേക്ക് പോയിട്ടുണ്ട്. ഇവരില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട് .കാലാവധി കഴിഞ്ഞും വിമാന ടിക്കറ്റിനു പണം ഇല്ലാതെ ജയിലില്‍ കഴിയേണ്ടി വന്നവരും ഇതിന്‍റെ ഗുണഭോക്താക്കള്‍ ആണ്.

കാലാവധി കഴിഞ്ഞും ടിക്കറ്റിനു വകയില്ലാതെ ജയിലില്‍ കഴിയുന്ന അടുത്ത ബാച്ചിന്‍റെ പേര് വിവരം തയ്യാറാക്കി കൊണ്ടിരിക്കുന്നതായി അജ്മാന്‍ പോലീസിന്‍റെ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് ഖല്‍ഫാന്‍ അല്‍ റിസി വ്യക്തമാക്കി. റമദാന്‍ മാസത്തില്‍ ഇവരുടെ മോചനം സാദ്ധ്യമാകും.

Lets socialize : Share via Whatsapp