ദുബായില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ 100 സ്മാര്‍ട്ട് കണ്ടെയ്‌നറുകള്‍

by Dubai | 10-04-2018 | 404 views

ദുബായ്: ദുബായില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ 100 സ്മാര്‍ട്ട് കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചു. ഷെയ്ഖ് സായിദ് റോഡിന്‍റെ ഇരുഭാഗത്തുമായാണ് കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചത്. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളോടുകൂടിയ അതിനൂതന കണ്ടെയ്‌നറുകള്‍ ആണിവ. മാലിന്യങ്ങളുടെ സ്വഭാവം നിര്‍ണയിക്കാനുള്ള സെന്‍സറുകള്‍ ഇതിലുണ്ട്. കണ്ടെയ്‌നറുകള്‍ നിറയുമ്പോള്‍ കണ്‍ട്രോള്‍ സെന്‍ററില്‍ സന്ദേശമെത്തും. പുനര്‍സംസ്‌കരിച്ച്‌ വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കടലാസ്, കാഡ്‌ബോഡുകള്‍, കുപ്പി തുടങ്ങിയവയും അല്ലാത്തവയും പ്രത്യേകം നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്.

ആദ്യഘട്ടത്തില്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ റൗണ്ട് എബൗട്ട് മുതല്‍ സഫാ റോഡ് ഫിനാന്‍ഷ്യല്‍ സെന്‍റര്‍ റോഡ് പാലത്തിലെ ആദ്യ ഇന്‍റര്‍ചേഞ്ച് വരെയാണ് സ്ഥാപിച്ചത്. സ്മാര്‍ട് പദ്ധതികളുടെ ഭാഗമായാണ് ഇത്തരം കണ്ടെയ്‌നറുകള്‍ സ്ഥാപിക്കുന്നതെന്ന് വേസ്റ്റ് മാനേജ്‌മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫി പറഞ്ഞു. കാര്‍ബണ്‍ മലിനീകരണം ഇല്ലാതാക്കുന്ന ഇവ നൂറുശതമാനവും സുരക്ഷിതമാണ്. കീടങ്ങള്‍ക്കോ എലികള്‍ക്കോ ഇതില്‍ കയറാനാവില്ലെന്നതും ശുചിത്വം കൂടുതല്‍ ഉറപ്പാക്കുന്നു. സാധാരണ കണ്ടെയ്‌നറുകളേക്കാള്‍ സംഭരണശേഷിയും കൂടുതലാണ്.

Lets socialize : Share via Whatsapp