
യാംബു: സൗദിയില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിജയം കണ്ടതായി തൊഴില്‍രംഗത്തെ വനിതകളുടെ പങ്കാളിത്തക്കണക്ക് വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഈയിടെ പുറത്തിറക്കിയ സ്ഥിതിവിവര കണക്കിലാണ് സ്വദേശി വനിതകളുടെ എണ്ണം തൊഴില്‍ മേഖലയില്‍ വര്‍ധിച്ചതായി വ്യക്തമാകുന്നത്. രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 21.9 ശതമാനമാണ്.
എന്നാല്‍, ദേശീയ പരിവര്‍ത്തന പദ്ധതിയായ 'വിഷന്‍ 2030' ലെ ലക്ഷ്യങ്ങളിലൊന്നായ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂടിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ സ്ത്രീ തൊഴില്‍നിരക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ 2.9 ശതമാനം വര്‍ധിച്ചതായി സര്‍വേ ഫലം വ്യക്തമാക്കുന്നു. വിഷന്‍ 2030 പ്രഖ്യാപിച്ചത് മുതല്‍ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്.
രാജ്യത്ത് വനിത ജീവനക്കാരുടെ എണ്ണം 19.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനം വരെ കുറക്കുന്നതിനും വഴിവെച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ വനിത ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍ മേഖലയില്‍ സൗദി യുവതികളുടെ പങ്കാളിത്തം വര്‍ധിച്ചതായി മറ്റ് ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മേഖലയില്‍ സൗദി യുവതികളുടെ പങ്കാളിത്തം 41 ശതമാനവും സ്വകാര്യമേഖലയില്‍ 53 ശതമാനവും ആണ്. 2016 അവസാനത്തില്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34.5 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷാവസാനത്തോടെ 24.4 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ അനുമതി നല്കിയതും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന വനിതകളുടെ ഗതാഗത ചെലവിന്റ 80 ശതമാനം സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയായ 'വുസൂലും' തൊഴില്‍ രംഗത്തേക്ക് സ്ത്രീകളെ ആകര്‍ഷിക്കാന്‍ സഹായിച്ച മുഖ്യ ഘടകങ്ങളാണ്.
തൊഴില്‍രംഗത്തെ ചില മേഖലകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തതും ആറുവയസ്സില്‍ കുറവുള്ള കുട്ടികളെ ശിശു പരിപാലന കേന്ദ്രത്തിലയക്കുന്നുവെങ്കില് അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയും കൂടി പ്രഖ്യാപിച്ചതോടെ സ്ത്രീ സാന്നിധ്യം തൊഴിലിടങ്ങളില്‍ വര്‍ധിക്കാന്‍ കാരണമായി. പുതിയ പദ്ധതികള്‍ മുഖേന വരും വര്‍ഷങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള നീക്കത്തിലാണ് അധികൃതര്‍.