
അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ചു. ഇന്ത്യക്കു പുറത്ത് ആദ്യമായി നീറ്റ് പരീക്ഷക്ക് വേദിയൊരുക്കാന്‍ അവസരമുണ്ടാക്കിയത് മികച്ച നേട്ടമായി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ എല്ലാ മാനദണ്ഡവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് സെപ്റ്റംബര്‍ 12ന് എംബസിയില്‍ പരീക്ഷ നടത്തി. കൂടുതല്‍ പ്രവേശന പരീക്ഷകളും മത്സരപ്പരീക്ഷകളും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കുവൈത്തില്‍നിന്ന് എഴുതാന്‍ ഭാവിയില്‍ അവസരം വരുമെന്നാണ് പ്രതീക്ഷ.
റുമൈതിയയിലെ ഗാര്‍ഹികത്തൊഴിലാളി ഓഫിസില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു ഇന്ത്യന്‍ എംബസി ജീവനക്കാരനെ സഹായത്തിന് ചുമതലപ്പെടുത്തിയതും ഇന്ത്യക്കാരുടെ മരണ രജിസ്ട്രേഷന് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയതും ശ്രദ്ധേയമായി. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ബോധവത്കരണവും സംഘടിപ്പിച്ചു. സ്തനാര്‍ബുദ ബോധവത്കരണവും സൗജന്യ പരിശോധനയും നടത്തി.
ഇന്ത്യയിലേക്ക് കുവൈത്ത് നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താനും ബയര്‍ സെല്ലര്‍ മീറ്റ്, കൈത്തറി വാരാഘോഷം, മേയ്ഡ് ഇന്‍ ഇന്ത്യ പ്രദര്‍ശനം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നടത്തി. കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ നല്കാന് തീരുമാനിച്ചതും അതിവേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്കെല്ലാം തുക ലഭ്യമാക്കിയതും അഭിനന്ദനം ഏറ്റുവാങ്ങി.
കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച 120 ദീനാറില്‍ കുറവ് ശമ്ബളം ഉണ്ടായിരുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും ആശ്രിതര്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റ സഹായത്തോടെ ഒരു ലക്ഷം രൂപ നല്കി. ഇന്ത്യന്‍ സമൂഹത്തിന് നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കി എംബസി ഓപണ്‍ ഹൗസ് എല്ലാ മാസവും ചിട്ടയായും ഫലപ്രദമായും നടന്നുവരുന്നു. വാക്സിനേഷന്, നാട്ടില്‍ കുടുങ്ങിയവര്‍ തുടങ്ങിയവര്‍ക്കായി രജിസ്ട്രേഷന് ഡ്രൈവ് നടത്തി വിവരം ശേഖരിച്ച് കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരനടപടികള്‍ക്ക് ശ്രമിച്ചു.
കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ചത് ഇത്തരത്തിലാണ്. ഫോട്ടോഗ്രഫി, വ്ലോഗിങ് മത്സരം, അംബാസഡര്‍ കപ്പ് ചെസ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അടക്കം നിരവധി പരിപാടികളാണ് കോവിഡ്കാല നിയന്ത്രണങ്ങളുടെ പരിമിതികള്‍ക്കിടയിലും നടത്തിയത്. ഇന്ത്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക്, ഇന്ത്യന്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക്, ഇന്ത്യന്‍ വളന്റിയര്‍ നെറ്റ്വര്‍ക്ക്, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ നെറ്റ്വര്‍ക്ക് തുടങ്ങി സമാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേദികള്‍ രൂപവത്കരിച്ചു.