
ദോഹ: ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂര്‍ അപോയ്മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാകും. വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗാമായാണ് ബൂസ്റ്റര്‍ ഡോസ് ലഭ്യത എളുപ്പമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച പുറത്തിറക്കിയ സര്കുലര് പ്രകാരമാണ് സ്വകാര്യ-പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ജീവനക്കാരും, വിദ്യാര്‍ഥികളും ഉള്‍പെടെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യത അനായാസമാക്കിയത്. ഹെല്‍ത് സെന്ററുകളില്‍ നേരിട്ടെത്തി തന്നെ ഇവര്‍ക്ക് വാക്സിന് സ്വീകരിക്കാവുന്നതാണ്. നിലവില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഖത്തറില്‍ വാക്സിന് നല്‍കുന്നത്.