
അബുദാബി: അബുദാബിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനിലൂടെ ലഭിക്കും. ജനന സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. കുട്ടി ജനിച്ചാല്‍ രക്ഷിതാക്കളുടെ മൊബൈലില്‍ ലഭിക്കുന്ന സന്ദേശത്തിലുള്ള ലിങ്കില്‍ പ്രവേശിച്ച് പേരും വിശദാംശങ്ങളും നല്കി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഫീസ് അടച്ചാല്‍ ഓണ്‍ലൈനില്‍ തന്നെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍പ് ജനിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിനും അപേക്ഷ നല്‍കാം. കുട്ടി ജനിച്ച് 30 ദിവസത്തിനകം ജനന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. 700 സര്‍ക്കാര്‍ സേവനങ്ങളാണ് താം പോര്‍ട്ടലില്‍ ലഭിക്കുന്നത്.