കേരളത്തിലേക്കുള്‍പ്പടെ ശനിയാഴ്ച മുതല്‍ സൗദിയില്‍ നിന്ന്​ വിമാന സര്‍വിസ്​

by Travel | 31-12-2021 | 3034 views

റിയാദ്: കോവിഡിനെ തുടര്‍ന്ന്​ റെഗുലര്‍ വിമാന സര്‍വിസ്​ നിര്‍ത്തിവെച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ സംവിധാനമായ ഇന്ത്യാ-സൗദി എയര്‍ബബ്​ള്‍ കരാര്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലാവും. കേരളത്തിലേക്കുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വിസ് ആരംഭിക്കുമെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്​നോ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസ്​. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സര്‍വിസുണ്ടാവും. കോവിഡിനെ തുടര്‍ന്ന്​ ഇരു രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസവിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്​.

ഇന്ത്യ ജനുവരി 31 വരെ അന്താരാഷ്​ട്ര സര്‍വിസ്​ നിരോധനം നീട്ടിയിരിക്കുകയുമാണ്​. സൗദിയും ഇന്ത്യാ സെക്ടറില്‍ റെഗുലര്‍ വിമാന സര്‍വിസ്​ അനുവദിച്ച്‌​ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ്​ ഇരു രാജ്യങ്ങളുടെയും ദേശീയ വിമാന കമ്ബനികളെ ഉപയോഗിച്ച്‌​ പരസ്പര ധാരണയില്‍ സര്‍വിസ്​ നടത്താനുള്ള എയര്‍ ബബ്​ള്‍ കരാര്‍ ഉണ്ടാക്കിയത്​.

ഇതുവരെ വന്ദേഭാരത് വിമാനങ്ങളും ചാര്‍ട്ടേഡ്​ വിമാനങ്ങളും മാത്രമാണ്​ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വിസ്​ നടത്തുന്നത്​. അതാകട്ടെ യാത്രാചെലവ്​ ഭാരിച്ചതാക്കുന്നതുമാണ്​. എയര്‍ ബബ്​ള്‍ പ്രകാരമുള്ള സര്‍വിസില്‍ ടിക്കറ്റ്​ നിരക്ക്​ കുറയും എന്ന പ്രതീക്ഷയിലാണ്​ യാത്രക്കാരായ പ്രവാസികളും.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സൗദിയില്‍ നിന്ന്​ വിമാന സര്‍വിസ്​ ആരംഭിക്കുമെന്ന്​ കഴിഞ്ഞ ദിവസം ഖമീസ്​ മുശൈത്തില്‍ നടന്ന പരിപാടിയില്‍ അംബാസഡര്‍ പറഞ്ഞിരുന്നു. അതിന്​ ശേഷം വിവിധ വിഷയങ്ങള്‍ സംബന്ധിച്ച്‌​ വിശദീകരിക്കാന്‍ വ്യാഴാഴ്ച റിയാദില്‍ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത്​ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്​ ജനുവരി ഒന്ന്​ മുതല്‍ എയര്‍ ബബ്​ള്‍ കരാര്‍ നിലവില്‍ വരുമെന്നും വിമാന സര്‍വിസ്​ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചത്​.

സൗദിയിലെത്തുന്ന യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

Lets socialize : Share via Whatsapp