
അബൂദബി: മയക്കുമരുന്ന് വില്പനക്കാരായ രണ്ട് ഫിലിപ്പിനോ പൗരന്മാരെ അബൂദബി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. വിദേശത്തുനിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ചു വില്‍ക്കുകയായിരുന്നു ഇരുവരും. ആള്‍ത്താമസമില്ലാത്ത ഇടങ്ങളില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഒളിപ്പിച്ചശേഷം ഇവിടെനിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്തതതെന്ന് പൊലീസ് കണ്ടെത്തി. വാട്സ്ആപ്പിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പൊലീസ് അന്വേഷണം നടത്തി അബൂദബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പ്രതികളുടെ വീടുകളില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വില്ക്കാന് പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തി.