കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സൗദിയില്‍ നിന്ന്​ വിമാന സര്‍വിസ് ഉടന്‍ - അംബാസഡര്‍ ഡോ. ഔസാഫ്​ സഈദ്​

by Travel | 29-12-2021 | 2958 views

ഖമീസ് മുശൈത്ത്: ഇന്ത്യയുമായി നിലവില്‍ വന്ന എയര്‍ ബബ്​ള്‍ കരാര്‍ പ്രകാരം സൗദിയില്‍ നിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉടന്‍ തന്നെ വിമാന സര്‍വിസ് ആരംഭിക്കുമെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു. ഖമീസ് മുശൈത്ത് സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍ ആഡിറ്റോറിയത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും സൗദിയുമായി മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്​കാരിക വിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ പരിപാടികള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയാറായിട്ടുണ്ട്. ഉടന്‍തന്നെ സൗദിയില്‍ ഇന്ത്യന്‍ യൂനിവേഴ്സിറ്റികളുടെ ശാഖകള്‍ ആരംഭിക്കുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

അംബാസഡറെ കൂടാതെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ്​ ഷാഹിദ് ആലം, കൊമേഴ്‌സ് കോണ്‍സുല്‍ ഹംന മറിയം എന്നിവരും പരിപാടിയില്‍ സന്നിഹിതരായി. അസീറിലെ ക്ഷണിക്കപ്പെട്ട നൂറോളം പേര്‍ക്ക്​ മാത്രമായിരുന്നു പരിപാടിയില്‍ പ്രവേശനം അനുവദിച്ചത്.

ഖമീസ്​ മുശൈത്ത് അല്‍ ജുനൂബ് ഇന്‍റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ വെല്‍ക്കം ഡാന്‍സോടുകൂടി ആരംഭിച്ച പരിപാടി രാത്രി പത്തോടെ അവസാനിച്ചു. കോണ്‍സുലേറ്റ് സി.സി അംഗങ്ങളായ അഷ്​റഫ് കുറ്റിച്ചല്‍, ബിജു ആര്‍. നായര്‍ എന്നിവര്‍ പരിപാടിയുടെ നടത്തിപ്പിന്​ നേതൃത്വം നല്‍കി.

Lets socialize : Share via Whatsapp