
അബൂദബി: ക്ലിനിക്കല്‍ പരീക്ഷണങ്ങളിലും മെഡിക്കല്‍ പ്രക്രിയകളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്കാന് മരുന്നുനിര്‍മാണ കമ്പനിയായ ഫൈസറുമായി കൈകോര്‍ത്ത് അബൂദബി ആരോഗ്യമന്ത്രാലയം. അബൂദബി സര്‍ക്കാറുമായുള്ള കരാര്‍ പ്രകാരം 150ഓളം ക്ലിനിക്കല്‍ ഗവേഷണങ്ങളിലാണ് ഫൈസര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മരുന്ന് നിര്‍മാണത്തിന്റ പ്രാരംഭ ഘട്ടങ്ങളുമായി ബന്ധപ്പെട്ട പരിശീലന പാഠ്യപദ്ധതി തയാറാക്കാന്‍ മന്ത്രാലയത്തിനെ ഫൈസര്‍ സഹായിക്കും.
പദ്ധതിയുടെ ഭാഗമായ പരിശീലനത്തില്‍ പങ്കാളികളാവുന്നവര്‍ക്ക് മരുന്നുവികസിപ്പിക്കല് പ്രക്രിയയുടെ ഭാഗമായ സാങ്കേതികവിദ്യയിലും കൃത്രിമബുദ്ധി ഉപകരണങ്ങളിലും പരിശീലനം ലഭിക്കും. വ്യത്യസ്ത പദ്ധതികളിലൂടെയും സഹകരണങ്ങളിലൂടെയും 2025ഓടെ അഞ്ഞൂറോളം യോഗ്യരായ ക്ലിനിക്കല്‍ ഗവേഷകരെ വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് അബൂദബി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും സുരക്ഷിതമായും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഫൈസറുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കഅബി അറിയിച്ചു. ആരോഗ്യ പരിപാലനത്തില്‍ ഗവേഷണവും നൂതനമായ സംവിധാനങ്ങളും ഒരുക്കുന്നതിലൂടെ ആഗോളതലത്തില്തന്നെയുള്ള മികച്ച സഹകരണങ്ങളാണ് വര്‍ധിപ്പിക്കാനാവുന്നത്. ഇതിനാവശ്യമായ ക്ലിനിക്കല്‍ ട്രയലുകളും ഗവേഷണ പ്രോജക്ടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കുന്ന പരിശീലനങ്ങളുടെ ഭാഗമാണ്. ആരോഗ്യരംഗത്തെ കൂടുതല്‍ മുന്നേറ്റങ്ങളും ആരോഗ്യകരമായ സാമൂഹിക ഘടന ഉറപ്പാക്കാനും ലക്ഷ്യമിടുന്ന അബൂദബിയുടെ കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് പരിശീലന പരിപാടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.