പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാന്‍

by International | 27-12-2021 | 249 views

മസ്‌കത്ത്: പ്രവാസികളുടെ തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടി ഒമാന്‍. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. സ്വകാര്യ കമ്പനികള്‍ വിദേശി ജീവനക്കാരുടെ കരാര്‍ വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ നിശ്ചിത സമയത്തിനകം രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. തൊഴിലുടമയാണ് കരാര്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികള്‍ക്ക് കരാര്‍ പരിശോധിക്കാനും അംഗീകരിക്കാനും കഴിയും.

പ്രവാസി തൊഴിലാളി ഒമാനിലെത്തുകയും അദ്ദേഹത്തിന് റസിഡന്റ് കാര്‍ഡ് ലഭിക്കുകയും ചെയ്താല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ തൊഴിലുടമക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാം. കരാര്‍ പരിഷ്‌കരിക്കാനും കഴിയും. തൊഴില്‍ കരാറില്‍ ഇരുകൂട്ടര്‍ക്കും പ്രയോജനമുണ്ടാകുന്ന വ്യവസ്ഥകള്‍ വയ്ക്കാന്‍ തൊഴിലുടമയെ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളി മറ്റൊരു ജോലിയിലേക്കോ കമ്പനിയിലേക്കോ മാറിയാലും മുമ്പത്തെ തൊഴില്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാനുള്ള കരാര്‍ വെക്കാനും ഇനി മുതല്‍ കഴിയും.

Lets socialize : Share via Whatsapp