
ദോഹ: രാജ്യത്ത് ഗതാഗത സംവിധാനങ്ങളില്‍ പുതുപരീക്ഷണമായി ജല ടാക്സി സംവിധാനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം.
പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കുന്നതിന്റെ ഭാഗമായി അല്‍ മതാര്‍, ലുസൈല്‍, ദഫ്ന തുടങ്ങിയ തീരപ്രദേശങ്ങളില്‍ 2022ല്‍ വാട്ടര്‍ ടാക്സി പരീക്ഷണാര്‍ഥം ഓടിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ജാസിം ബിന്‍ സൈഫ് അഹ്മദ് അല്‍ സുലൈതി പറഞ്ഞു. ദോഹ മെട്രോ, മുവാസലാത്ത് (കര്‍വ) ബസുകള്‍ പോലെ സമാന്തരമായ ബദല്‍ ഗതാഗത സംവിധാനമാണ് വാട്ടര്‍ ടാക്സിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി ഖത്തര്‍ ടി വിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ട്രെയിനിന്റെയും ട്രാമിന്റെയും സവിശേഷതകളോടു കൂടിയ ബസ് റാപിഡ് ട്രാന്‍സിറ്റ് (ബി.ആര്.ടി) സംവിധാനം പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിച്ചുവെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022ലെ ഫിഫ ലോകകപ്പിന് ഈ ബസുകള്‍ ഉപയോഗിക്കുമെന്നും അല്‍ ബെയ്ത് സ്റ്റേഡിയത്തിലേക്കും മിസൈദ്, ദുഖാന് തുടങ്ങിയ വിദൂര പ്രദേശങ്ങളിലേക്കും സര്‍വിസ് നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന്റെ ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതിനുള്ള സുവര്‍ണാവസരമായിരുന്നു അടുത്തിടെ സമാപിച്ച ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റ്. 200 ഇലക്ട്രിക് ബസുകളാണ് ടൂര്‍ണമെന്റില്‍ ഉപയോഗിച്ചത്. ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി 800 ഇലക്ട്രിക് ബസുകള്‍ കൂടി ഉടന്‍ രാജ്യത്തെത്തും. ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തുവിടുന്നതിനായി ഗതാഗത മന്ത്രാലയം ഇലക്ട്രിക് വെഹിക്കിള്‍ സ്ട്രാറ്റജി ആരംഭിച്ചിട്ടുണ്ട്.
കാറുകള്‍ക്കും ബസുകള്‍ക്കും ഡീസല്‍ ട്രക്കുകള്‍ക്കുമായി യൂറോപ്യന്‍ സവിശേഷതകളോടെയുള്ള പരിസരം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ ഇത് പ്രാബല്യത്തില്‍ വരുമെന്നും പരിസ്ഥിതി സംരക്ഷണത്തിനായി ഉന്നത നിലവാരത്തിലുള്ള ഗതാഗത സംവിധാനമാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുഇടങ്ങളിലും മന്ത്രാലയ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സി കേന്ദ്രങ്ങളിലുമായി ഇരുനൂറോളം ഇലക്ട്രിക് ചാര്‍ജറുകളാണ് സ്ഥാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.