റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മുതല്‍ സാമൂഹിക അകലം നിര്‍ബന്ധം: സൗദി

by Business | 01-01-2022 | 14764 views

റിയാദ്: റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മുതല്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി സൗദി അറേബ്യ.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഫേകളിലും റെസ്റ്റോറന്റുകളിലും എത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കണം.

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നാണ് നിര്‍ദ്ദേശം. ഈ അകലം പാലിക്കാന്‍ കഴിയാത്ത റസ്റ്റോന്റുകളില്‍ ഭക്ഷണവിതരണം പാഴ്‌സല്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരേ ടേബിളിനു ചുറ്റും പത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടല്‍ ഉണ്ടാവരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാഴ്‌സല്‍ വിതരണ സ്ഥലത്തുമെല്ലാം ആളുകള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം.

ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദര്‍ശകരും ജോലിക്കാരും കൃത്യമായി മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Lets socialize : Share via Whatsapp